Kerala
ആലപ്പുഴ: പിണറായി സർക്കാരിന്റെ മൂന്നാമൂഴം സംബന്ധിച്ച പ്രസ്താവനയില്‍ വിശദീകരണവുമായി മുന്‍ സിപിഎം നേതാവും അമ്പലപ്പുഴയിലെ സ്വതന്ത്ര സ്ഥാനാർഥിയുമായ ജി. സുധാകരന്. പിണറായി വിജയൻ മുഖ്യമന്ത്രി ആയാൽ സന്തോഷമുണ്ട്, പക്ഷെ മൂന്നാമൂഴം സഫലമാകില്ലെന്നാണ് പറഞ്ഞത്. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ജനം എൽഡിഎഫിന് വോട്ട് ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു.
താൻ ജനകീയ സ്വതന്ത്ര സ്ഥാനാർഥിയാണ്. തന്നെ സഹായിക്കാൻ രാഷ്ട്രീയ പാർട്ടികൾക്ക് മുന്നോട്ട് വരാം. യുഡിഎഫ് പിന്തുണയ്ക്കും, അതു സ്വീകരിക്കും. തനിക്ക് പാർലമെന്ററി വ്യാമോഹം എന്ന് പറയുന്നവർക്ക് നാണവും മാനവും ഉണ്ടോയെന്നും മത്സരിക്കുന്ന ആർക്കും ഒരു വ്യാമോഹവുമില്ലേയെന്നും ജി. സുധാകരന് ചോദിച്ചു.
ആരിഫ് ആലുവയിൽ പോയി മത്സരിക്കുന്നു. അത് പാർലമെന്ററി വ്യാമോഹം അല്ലേ? സജി ചെറിയാനും പ്രതിഭയും വാസവനും മൂന്നാം തവണയാണ് മത്സരിക്കുന്നത്. ഇതൊന്നും വ്യാമോഹം അല്ലേ? പാർലമെന്ററി വ്യാമോഹം ഇല്ലാത്തവരാണോ വീണ്ടും മത്സരിക്കുന്നത്? ഇവരൊക്കെ കണ്ണടച്ച് ഇരിക്കുകയാണെന്നും സുധാകരൻ പറഞ്ഞു.
Kerala
കോട്ടയം: കേരള രാഷ്ട്രീയത്തിൽ സുധാകരഗ്രഹണം. ഇന്നലെ സിപിഎമ്മിനെ മുൻ മന്ത്രിയും മുതിർന്ന നേതാവുമായ ജി. സുധാകരനാണ് മുൾമുനയിൽ നിർത്തിയതെങ്കിൽ ഇന്നു കോൺഗ്രസ് പാർട്ടിയെ മുൻ കെപിസിസി പ്രസിഡന്റ് കൂടിയായ കെ. സുധാകരനാണ് മുൾമുനയിലാക്കിയിരിക്കുന്നത്. എംപിമാർ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടെന്ന ദേശീയ നേതൃത്വത്തിന്റെ തീരുമാനമാണ് കെ. സുധാകരനെ ചൊടിപ്പിച്ചത്.
ഡൽഹിയിലെ ഇന്നത്തെ ചർച്ചകൾക്കു നിൽക്കാതെ അദ്ദേഹം ഡൽഹിയിൽനിന്നു നാട്ടിലേക്കു മടങ്ങി. കണ്ണൂർ നിയമസഭാ മണ്ഡലത്തിൽ മത്സരിക്കണമെന്ന താത്പര്യത്തിലായിരുന്നു സുധാകരൻ. എന്നാൽ, നിലവിൽ എംപിമാരായവർ മത്സരിക്കുന്നതിൽ സംസ്ഥാന നേതൃത്വത്തിനുതീരെ താത്പര്യം ഇല്ലായിരുന്നു. ദേശീയ നേതൃത്വവും ഈ നിലപാടിനോടു യോജിച്ചതോടെയാണ് കെ.സുധാകരൻ ഇടഞ്ഞത്. സുധാകരനെ അനുനയിപ്പിക്കാൻ പല രീതിയിൽ നേതാക്കൾ ശ്രമിച്ചുവരുന്നതിനിടെയാണ് അദ്ദേഹം നാട്ടിലേക്കു മടങ്ങിയത്.
സീറ്റ് ചർച്ചകളുമായി ബന്ധപ്പെട്ട് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, രമേശ് ചെന്നിത്തല തുടങ്ങിയവർ ഡൽഹിയിൽ ഉണ്ട്. മത്സരിക്കണമെന്നു നേരത്തെ താത്പര്യപ്പെട്ട അടൂർ പ്രകാശ് അടക്കമുള്ളവരുമായി ഇവർ സംസാരിച്ചിരുന്നു.
സീറ്റ് കിട്ടുമെന്ന് ഉറപ്പില്ലാത്ത സാഹചര്യത്തിലാണ് സുധാകരൻ പിണങ്ങി നാട്ടിലേക്കു മടങ്ങിയത്. പ്രതിഷേധിച്ചാണോ മടക്കമെന്ന ചോദ്യത്തിനു കൃത്യമായ മറുപടി നൽകാനും അദ്ദേഹം തയാറായില്ല. ഇതിൽനിന്നു തന്നെ അദ്ദേഹം അസംതൃപ്തനാണെന്നു വ്യക്തമാണെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. സുധാകരൻ അടക്കം മൂന്ന് എംപിമാർ മത്സരിക്കണമെന്ന താത്പര്യത്തിൽത്തന്നെ നിൽക്കുകയാണെന്നാണ് സൂചന.
മുതിര്‍ന്ന സിപിഎം നേതാവ് ജി.സുധാകരന് പാർട്ടിയുമായി പിണങ്ങി വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ അമ്പലപ്പുഴയില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന് ഇന്നലെ പ്രഖ്യാപിച്ചിരുന്നു. സിപിഎമ്മിനുള്ളിലെ പ്രശ്നങ്ങള്‍ മൂലം പാര്‍ട്ടി അംഗത്വം പുതുക്കാതിരുന്ന സുധാകരന് ഇന്നലെ രാവിലെ 11 ന് പറവൂരിലെ വീട്ടില്‍ വിളിച്ച പത്രസമ്മേളനത്തിലാണ് ഇക്കാര്യമറിയിച്ചത്.
എല്ലാ വിഭാഗം ജനങ്ങളുടെയും വോട്ട് പ്രതീക്ഷിക്കുന്നെന്നും വികസനത്തിനൊപ്പവും വര്ഗീയതയ്ക്കെതിരേയുമായിരിക്കും തന്റെ പോരാട്ടമെന്നും അദ്ദേഹം പറഞ്ഞു. തനിക്കെതിരേ വന്ന ഓരോ ആരോപണത്തിനും മറുപടി പറഞ്ഞു കൊണ്ടാണ് ഒന്നേകാല്‍ മണിക്കൂര്‍ നീണ്ട പത്രസമ്മേളനം അദ്ദേഹം അവസാനിപ്പിച്ചത്.
“അയാള്‍ക്കെന്താ ഇനി വേണ്ടത്, രണ്ടുതവണ മന്ത്രിയായില്ലേ എംഎല്എയായില്ലേ ’’എന്ന് ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്നവര്‍ ചോദിക്കുകയാണ്. അവര്‍ അണ് മാര്ക്സിയരാണ്. മരിക്കുന്നതുവരെ ലെനിന് റഷ്യയുടെ ഭരണാധികാരിയായിരുന്നില്ലേ. സ്റ്റാലിന് എങ്ങനെയായിരുന്നു?. മാവോയും കാസ്ട്രോയും അങ്ങനെ തന്നെയായിരുന്നു. ഇത്രയും കാലമിരുന്നില്ലേ, താഴെയിറങ്ങ് കെളവാ എന്ന് അവരോട് ആരെങ്കിലും പറഞ്ഞിട്ടുണ്ടോ? നിങ്ങള്‍ എത്ര തവണയായി എന്നതല്ല, എത്ര തവണയായാലും ഒരു കുഴപ്പവുമില്ല. ആ സ്ഥാനമുപയോഗിച്ച് നാട്ടുകാര്‍ക്ക് എന്തു ചെയ്തു എന്നതാണ് പ്രധാനം. രണ്ടുതവണയും മൂന്നു തവണയും മന്ത്രിമാരായവരില്ലേയെന്നും ജി. സുധാകരൻ ചോദിച്ചു.
സ്വതന്ത്രനായി മത്സരിക്കുമെന്നു പ്രഖ്യാപിച്ച ജി.സുധാകരനെതിരേ കടുത്ത പ്രതിഷേധമാണ് സിപിഎം ഇന്നലെ മുതൽ ഉയർത്തുന്നത്. വർഗവഞ്ചകൻ എന്ന ബാനറും പോസ്റ്ററും സുധാകരന്റെ വീടിനു സമീപം തന്നെ സ്ഥാപിച്ചു. പ്രകടനവും നടത്തി. നേതാക്കൾ പലരും രൂക്ഷവിമർശനവുമായി രംഗത്തുവന്നു. ജി.സുധാകരനെ സിപിഎം കൈകാര്യംചെയ്ത രീതിയിൽ കെ.സുധാകരനെ കോൺഗ്രസ് കൈകാര്യംചെയ്യുമോ അതോ സുധാകരനു വഴങ്ങുമോയെന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ വൃത്തങ്ങൾ.
Kerala
ആലപ്പുഴ: സിപിഎം ബന്ധം ഉപേക്ഷിച്ച മുതിർന്ന നേതാവ് ജി. സുധാകരനെതിരെ കടന്നാക്രമിച്ച് പാർട്ടി ജില്ലാ നേതൃത്വം. അമ്പലപ്പുഴയിൽ എൽഡിഎഫ് സ്ഥാനാര്‍ഥിയെ മാറ്റില്ലെന്നും സുധാകരന്റെ നിലപാടിനൊപ്പം പോകുന്ന ഒരാളും ആലപ്പുഴയിലെ പാര്‍ട്ടിയിലില്ലെന്നും ആലപ്പുഴ ജില്ലാ സെക്രട്ടറി ആര്.നാസര്‍ പറഞ്ഞു.
സുധാകരന്റെ രോഗം എന്താണെന്ന് പാര്‍ട്ടി നേരത്തെ തന്നെ തിരിച്ചറിഞ്ഞിരുന്നു. സുധാകരൻ അതിനുള്ള വഴിവെട്ടുന്നതാണ് പിന്നീട് കണ്ടത്. വര്‍ഗ വഞ്ചകന് മാപ്പില്ല, വോട്ടില്ലെന്ന എന്ന തരത്തിൽ പോസ്റ്റര്‍ ഒട്ടിക്കുന്നത് പരിശോധിക്കുമെന്നും ആര്. നാസര്‍ പറഞ്ഞു.
കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം പഠിപ്പിക്കുന്ന ആളാണ് ജി. സുധാകരൻ. അദ്ദേഹത്തിന് ഇങ്ങനെ അപചയം ഉണ്ടാകുമെന്ന് കരുതിയില്ല. ഒരു കമ്യൂണിസ്റ്റ് എന്ന നിലയിൽ അദ്ദേഹം മത്സരിക്കുന്നതിൽ നിന്ന് പിൻവാങ്ങുമെന്നാണ് കരുതുന്നത്. മത്സരിക്കില്ലെന്നാണ് പ്രതീക്ഷിക്കുന്നത്.
അമ്പലപ്പുഴയിൽ നിന്ന് തെരഞ്ഞെടുപ്പിനു ശേഷം പരാതി വന്നു. സുധാകരന്റെ ഭാഗം കേട്ടു. പരാതി പരിശോധിക്കാൻ കമ്മീഷനെ വെച്ചു. റിപ്പോർട്ടിൽ ചില ശിപാർശകൾ വന്നതിന്റെ അടിസ്ഥാനത്തിലാണ് ചില നടപടികളുണ്ടായതെന്നും നാസർ പറഞ്ഞു.
Kerala
ആലപ്പുഴ: സിപിഎമ്മുമായി ഇടഞ്ഞു നിൽക്കുന്ന മുതിർന്ന നേതാവ് ജി.സുധാകരനെ അനുനയിപ്പിക്കാൻ മുഖ്യമന്ത്രി പിണറായി വിജയനെത്തില്ല. മങ്കൊമ്പിലെ എസി റോഡ് ഉദ്ഘാടന ചടങ്ങിന് ശേഷം മുഖ്യമന്ത്രി പെരുമ്പളം പാലം ഉദ്ഘാടനം ചെയ്യാനായി പോയി.
ഇതിന് പിന്നാലെ പെരുമ്പളം പാലം ഉദ്ഘാടനത്തിന്റെ തത്സമയ സ്ട്രീമിംഗിലുള്ള എഫ്ബി ലൈവ് തന്റെ പേജിൽ നിന്ന് ജി.സുധാകരൻ നീക്കി. തന്റെ അനുമതിയില്ലാതെ പാർട്ടി ജില്ലാ കമ്മിറ്റി ഓഫീസിൽ നിന്നുള്ള അഡ്മിനാണ് എഫ്ബി ലൈവിട്ടതെന്ന് സുധാകരൻ പറഞ്ഞു.
അതേസമയം പാർട്ടി അംഗത്വം പുതുക്കില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് അദ്ദേഹം. പെരുമ്പളം പാലത്തിന്റെ ഉദ്ഘാടനത്തിന് മന്ത്രി മുഹമ്മദ് റിയാസ് നേരിട്ട് ക്ഷണിച്ചെങ്കിലും കാലിന് പരിക്കേറ്റ് വിശ്രമത്തിലായതിനാൽ പങ്കെടുക്കില്ലെന്ന് അദ്ദേഹം അറിയിച്ചിരുന്നു.
കഴിഞ്ഞ ദിവസം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഹരിശങ്കർ, സി.എസ്. സുജാത എന്നിവർ സുധാകരനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാൽ കൂടുതൽ ചർച്ചകൾക്കായി മുഖ്യമന്ത്രി എത്തുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.
Kerala
ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സിപിഎമ്മിനോട് ഇടഞ്ഞ് മുതിർന്ന നേതാവും മുൻ മന്ത്രിയുമായ ജി. സുധാകരൻ. നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സുധാകരനെ പാർട്ടി പരിഗണിക്കുന്നില്ലെന്ന് വിവരം പുറത്തുവന്നതിനു പിന്നാലെയാണ് അദ്ദേഹം വീണ്ടും രംഗത്തെത്തിയിരിക്കുന്നത്.
2026 മെമ്പർഷിപ്പ് സ്ക്രൂട്ടണി അംഗത്വം പുതുക്കാൻ ഞാൻ അപേക്ഷ കൊടുത്തില്ല. അതുകൊണ്ട് ലെവിയും വരിസംഖ്യയും അടയ്ക്കേണ്ടി വന്നില്ലെന്ന് ജി. സുധാകരൻ പറഞ്ഞു.
2022ൽ സംസ്ഥാന സമിതിയിൽ നിന്ന് ഒഴിവായി. ആലപ്പുഴ ഡിസിയുടെ കീഴിലുള്ള ബ്രാഞ്ച് കമ്മിറ്റി അംഗമായി പ്രവർത്തിച്ചുവരികയാണ്. വീണു പരിക്കേറ്റശേഷം ഒരു ബ്രാഞ്ചിന് ഒഴികെ മറ്റെല്ലാത്തിലും കൃത്യമായി പങ്കെടുത്തിരുന്നുവെന്നും സുധാകരൻ ഫേസ്ബുക്കിൽ കുറിച്ചു.
43 വർഷത്തെ സംസ്ഥാന കമ്മിറ്റി അംഗത്വത്തിനുശേഷം ബ്രാഞ്ചിൽ വന്നു പ്രവർത്തിച്ചപ്പോൾ എങ്ങനെയുണ്ടെന്ന് ഒരുതവണ പോലും ജില്ലാ സെക്രട്ടറി അന്വേഷിച്ചില്ല. പരാതിയില്ല. 63 വർഷക്കാലത്തെ പാർട്ടി അംഗത്വചരിത്രമുള്ള തനിക്ക് പൊതു പരിപാടികളൊന്നും ജില്ലാ സെക്രട്ടറി കഴിഞ്ഞ അഞ്ചു വർഷക്കാലം നൽകിയിട്ടില്ല.
എന്തിനേറെ പറയുന്നു അടിയന്തരാവസ്ഥയുടെ അൻപതാം വാർഷികം വീടിനടുത്തുള്ള ഇഎംഎസ് ഹാളിൽവച്ച് നടത്തിയപ്പോൾ, അടിയന്തരാവസ്ഥയുടെ ആദ്യകാലത്ത് തന്നെ നിരോധനം ലംഘിച്ചു പ്രകടനം നടത്തി അറസ്റ്റും ജയിൽവാസവും ലോക്കപ്പ് മർദ്ദനവും ബിഐആർ കേസ് ഉൾപ്പെടെ അനുഭവിച്ച് ജില്ലയിൽ ജീവിച്ചിരിക്കുന്ന ഒരേ ഒരാൾ ആയ തനിക്ക് ഒരു ക്ഷണക്കത്ത് പോലും നൽകിയില്ല.
തന്റെ അച്ഛനെ വരെ ആക്ഷേപിച്ച് ഒരു എൽസി മെമ്പർ പോസ്റ്റിട്ടു അദ്ദേഹം ജില്ലാ കമ്മിറ്റി അംഗത്തിന്റെ ഉറ്റ ശിഷ്യനാണ്. ഇതെല്ലാം നേരിട്ട് കഴിഞ്ഞ അഞ്ചു വർഷങ്ങളായി ഇവിടെ താൻ പാർട്ടിയിൽ തുടരുകയാണ്. ഒരു പ്രലോഭനത്തിനും കീഴടങ്ങിയില്ല. അപ്പോഴാണ് പാർട്ടി സെക്രട്ടറിയുടെ അടുത്ത് സംസാരിക്കാൻ ചെന്ന തോട്ടപ്പള്ളിക്കാരനായ ഒരു സഖാവിനോട് ശരിയല്ലാത്ത തരത്തിൽ ജില്ലാ നേതൃത്വത്തിൽ പെട്ടയാൾ സംസാരിച്ചതായി അറിഞ്ഞത് .
ഇപ്പോൾ സംസ്ഥാന സെക്രട്ടറി തന്നെ പത്രസമ്മേളനത്തിൽ ഒരു ചോദ്യത്തിന് മറുപടിയായി താൻ ഒരു പരിഗണനയും അർഹിക്കുന്ന ആളല്ല എന്ന അർത്ഥം വരുന്ന ശരിയല്ലാത്ത പ്രയോഗം നടത്തുകയും കളിയാക്കി ചിരിക്കുകയും ചെയ്തു. അത് കേട്ട് പത്രക്കാരെല്ലാം പൊട്ടിച്ചിരിക്കുന്നതും കണ്ടു. ഇതൊന്നും ചോദിക്കാനോ തിരുത്താനോ ആരും തയാറായിട്ടില്ല. കൂടുതൽ സംഭവങ്ങൾ വിവരിക്കുന്നില്ല.
ഈ സാഹചര്യത്തിൽ പാർട്ടിയിൽ തുടർന്ന് മേൽപ്പറഞ്ഞ നേതാക്കൾക്ക് ബുദ്ധിമുട്ടുണ്ടാക്കാൻ ആഗ്രഹിക്കുന്നില്ല. അതിനാൽ ഈ മെമ്പർഷിപ്പ് സ്ക്രൂട്ടണി കാലത്ത് സ്വമനസാലെ മെമ്പർഷിപ്പ് പുതുക്കാതെ ഇരിക്കുകയാണ്. ആശയാദർശങ്ങളിൽ ജനലക്ഷങ്ങളോടൊപ്പം ഉറച്ചുനിൽക്കുകയും ചെയ്യും. എല്ലാവർക്കും ആശംസകൾ. നന്ദിയെന്നും സുധാകരൻ ഫേസ്ബുക്കിൽ കുറിച്ചു.
District News
ആലപ്പുഴ: വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ജില്ലയിലെ സിപിഎമ്മിന്റെ തെരഞ്ഞെടുപ്പു ചുമതല തന്നെ ഏൽപ്പിച്ചെന്ന വാർത്തയിൽ പ്രതികരണവുമായി മുൻ മന്ത്രിയും സിപിഎം നേതാവുമായ ജി. സുധാകരൻ. മൂന്നാഴ്ച മുൻപ് ജില്ലാ സെക്രട്ടറി നാസർ വിളിച്ച് പിണറായി വിജയന്റെ നിർദേശപ്രകാരം തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ജില്ലാതല കമ്മിറ്റിയിൽ ചേർത്തിട്ടുണ്ടെന്ന് ഫോണിലൂടെ പറഞ്ഞിരുന്നു. പത്തു ദിവസം മുന്‍പ് ഇതു സംബന്ധിച്ച സർക്കുലർ ഏരിയ കമ്മിറ്റിക്ക് വന്നിട്ടുണ്ടെന്നും തനിക്ക് ഇത് ലഭിച്ചിട്ടില്ലെന്നും ജി. സുധാകരൻ ദീപികയോടു പറഞ്ഞു.
ജില്ലാ സെന്റർ ബ്രാഞ്ചംഗവും ജില്ലാകമ്മിറ്റിയിലെ സ്ഥിരം ക്ഷണിതാവുമാണ് നിലവിൽ ജി. സുധാകരൻ. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ നിലവിൽ അന്പലപ്പുഴ എംഎൽഎ ആയ എച്ച്. സലാമിന്റെ പരാതിയെത്തുടർന്ന് അദ്ദേഹത്തെ പാർട്ടിയിൽ തരംതാഴ്ത്തിയിരുന്നു. പല ജില്ലാകമ്മിറ്റികളിലും അദ്ദേഹത്തെ ക്ഷണിക്കാറില്ലെന്നും പരാതിയുണ്ടായിരുന്നു. എന്നാൽ മന്ത്രിയായിരുന്നപ്പോൾ എടുത്ത നടപടികളുടെ പേരിൽ പൊതുജനങ്ങൾക്കിടയിലുള്ള മതിപ്പ് പരിഗണിച്ചാണ് അദ്ദേഹത്തെ ജില്ലയിലെ തെരഞ്ഞെടുപ്പു ചുമതലയിലേക്കെത്തിച്ചതെന്നാണു വിവരം.
ആലപ്പുഴയിലെ സിപിഎമ്മിന്റെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ മേൽനോട്ടം വഹിക്കുന്ന ആറംഗ കോ-ഓർഡിനേഷൻ കമ്മിറ്റിയിലാണ് ജി. സുധാകരനെ ഉൾപ്പെടുത്തിയിരിക്കുന്നത്. സിപിഎം സെക്രട്ടേറിയറ്റംഗം മന്ത്രി സജി ചെറിയാൻ, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ സി.ബി. ചന്ദ്രബാബു, കെ. പ്രസാദ്, ആർ. നാസർ, കൺട്രോൾ കമ്മീഷൻ ചെയർമാൻ കെ.എച്ച്. ബാബുജാൻ എന്നിവരാണ് കമ്മിറ്റിയിലുള്ള മറ്റു പ്രതിനിധികൾ. ഇവർക്കൊപ്പമാണ് ജി. സുധാകരനെയും ഉൾപ്പെടുത്തിയത്. എന്നാൽ, കേന്ദ്രകമ്മിറ്റിയംഗമായ സി.എസ്. സുജാതയെ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയിട്ടില്ല.
ജില്ലയിൽനിന്നുള്ള സിപിഎം സ്ഥാനാർഥികൾ ആരായിരിക്കണം, തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏതൊക്കെ രീതിയിൽ മുന്നോട്ടുകൊണ്ടു പോകണം, തയാറെടുപ്പുകൾ എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ കോ-ഓർഡിനേഷൻ കമ്മിറ്റി തീരുമാനിക്കും. ഇതോടെ ജി. സുധാകരൻ അമ്പലപ്പുഴയിൽ മത്സരിക്കാനുള്ള സാധ്യതയും തെളിയുന്നുണ്ടെന്നാണ് സംസാരം.
തീരദേശം ഇടതുപക്ഷത്തുനിന്ന്
അകന്നു: തോമസ് ഐസക്ക്
ആലപ്പുഴ: തീരദേശം ഇടതുപക്ഷത്തുനിന്ന് അകന്നെന്ന് തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് പോസ്റ്റ്. തീരദേശം ഇടതുപക്ഷത്തുനിന്ന് അകന്നു എന്നാണ് പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ പൊതുപ്രവണതകളിൽ ഒന്ന്. എന്നാൽ തീരദേശത്തിനുവേണ്ടി കഴിഞ്ഞ പത്തു വർഷക്കാലത്തെന്നപോലെ കേരള ചരിത്രത്തിൽ ഒരുകാലത്തും സർക്കാരിൽനിന്നു പിന്തുണ ലഭിച്ചിട്ടില്ല. എന്നിട്ടും തെരഞ്ഞെടുപ്പിൽ പിന്തുണ കുറഞ്ഞത് മുഖ്യമായും സാമുദായിക ചരടുവലികളുടെ ഫലമാണെന്നുവേണം കരുതാൻ.
ഇരുപതോളം വീടുകളിൽ പോയിരുന്നു. ഏതാണ്ട് എല്ലാംതന്നെ പാവപ്പെട്ട മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങൾ. സജീവ കോൺഗ്രസ് പ്രവർത്തകരുടെ വീടുകളും അതിലുണ്ടായിരുന്നു. എങ്കിലും ഇരുന്നു സംസാരിക്കുമ്പോൾ സർക്കാർ ചെയ്ത നല്ല കാര്യങ്ങൾ എല്ലാവരും അംഗീകരിക്കും. വർധിപ്പിച്ച പെൻഷനും സ്ത്രീ സുരക്ഷാ സഹായവുംതന്നെ സ്റ്റാർ പെർഫോമറുകൾ. മത്സ്യത്തൊഴിലാളികളുടെ എല്ലാ ക്ഷേമ ആനുകൂല്യങ്ങളും ഗണ്യമായി ഉയർത്തിയിട്ടുണ്ട്. ചെട്ടികാട്ടെ പുതിയ താലൂക്ക് ആശുപത്രി വലിയ സഹായമാണെന്ന് എല്ലാവരും തലകുലുക്കി സമ്മതിക്കും. പക്ഷേ വിചാരിച്ച വോട്ട് കിട്ടാത്തതിനു കാരണം സാമുദായിക ചരടുവലികൾ ആണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.